Friday 15 March 2024

Offbeat Maharashtra എട്ടാം ദിവസം

യാത്രാവസാനം


രാവിലെ ടെറസിൽ കയറി സൂര്യോദയം കണ്ട ശേഷം ഞങ്ങൾ കുളിച്ച് കുട്ടപ്പൻമാരായി മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് പുറപ്പെട്ടു. ബീജപൂരിലെ ഗോൾഗുംബാസ് ആയിരുന്നു അടുത്ത ലക്ഷ്യം. നാനൂറിലേറെ വർഷം പഴക്കമുള്ള ഗോൾ ഗുംബാസ് മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമാണ്. ഇവിടുത്തെ ഡോം ലോകത്തിലെ തന്നെ വലിയ ഡോമുകളിൽ ഒന്നാണ്.
അവിടെ നിന്ന് ഞങ്ങൾ ഹുബ്ലിയിലേക്ക് പുറപ്പെട്ടു. ഹുബ്ലിയിൽ യാത്ര അവസാനിപ്പിച്ച് പിരിയാനായിരുന്നു പ്ലാൻ.
പ്രദീപ് അവൻ പണ്ട് ഹുബ്ലിയിൽ ജോലി ചെയ്തിരുന്ന കാലത്തെ സുഹൃത്തുക്കളുടെ കൂടെ ആ സായാഹ്നം ആഘോഷിക്കുമ്പോൾ ഞങ്ങൾ രണ്ടു പേർ കൈഗയിലേക്ക് മടങ്ങി. വീട്ടിലേക്ക് കൊണ്ടുപോകാൻ ഹുബ്ലിയിൽ നിന്ന് പലഹാരങ്ങൾ വാങ്ങാൻ മറന്നില്ല.
പിറ്റേന്ന് കാലത്ത് പ്രദീപ് അൽക്കസാറുമായി ബാംഗ്ലൂരിലേക്കും, കാർവാറിൽ നിന്ന് രാജുമോൻ നാട്ടിലേക്കും മടങ്ങി .




Inside the dome


On the way to Hubballi 


Thursday 14 March 2024

Offbeat Maharashtra ഏഴാം ദിവസം

ഏഴ്


മഹാരാഷ്ട്രിയൻ പ്രഭാത ഭക്ഷണമായ. പൊഹ (അവൽ ഉപ്പുമാ) കഴിച്ച് ഹോം സ്റ്റേയിൽ നിന്ന് ഞങ്ങൾ അജന്തയിലേക്ക് പുറപ്പെട്ടു. പാർക്കിങ്ങ് സ്ഥലത്തുനിന്ന് ബസ്സിൽ കയറിയാണ് ഗുഹകളുടെ സമീപത്തേക്ക് പോകേണ്ടത്. എല്ലോറയിൽ ശില്പ കലയ്ക്കാണ് പ്രാധാന്യമെങ്കിൽ അജന്തയിൽ ചുമർചിത്രങ്ങൾക്കാണ് പ്രാധാന്യം. മിക്കവാറും വളരെ അധികം മങ്ങിയ നിലയിലായിരുന്നു അവിടെ ചുവർ ചിത്രങ്ങൾ. ഗുഹാ ചിത്രങ്ങൾ കണ്ടു കഴിഞ്ഞ്  souvenir / memorabilia വാങ്ങി, MTDC Restaurant ൽ ഭക്ഷണം കഴിച്ച് ഞങ്ങൾ സോളാപൂരിലേക്ക് പുറപ്പെട്ടു. കുറച്ചു മോശം വഴികളും കുറെ നല്ല വഴികളും ആയിരുന്നെങ്കിലും ദൂരം കൂടുതലായതുകൊണ്ട് ഞങ്ങൾ ഇരുട്ടിയിട്ടാണ് അവിടെയെത്തിയത്. സോളാപൂർ ചാദർ (പുതപ്പ് ) പ്രശസ്തമായതുകൊണ്ട് ഫുൽഗാം (phulgam) എന്ന കടയിൽ എത്തി എല്ലാവരും പുതപ്പുകൾ വാങ്ങി. നല്ലയിനം പുതപ്പുകൾ നാട്ടിലേക്കാൾ വളരെ വിലക്കുറവായിരുന്നു. സോളാപുരിലെ തിരക്കിൽ കുറച്ച് ചുറ്റിത്തിരിയേണ്ടി വന്നെങ്കിലും ഞങ്ങളുടെ ഹോം സ്റ്റേ ഹോസ്റ്റ് വന്ന് ഞങ്ങൾക്ക് വഴികാണിച്ചു തന്നു. നല്ല മനോഹരമായ ഒരു വീടായിരുന്നു. ഞങ്ങളെ അവർ traditional രീതിയിലാണ് സ്വാഗതം ചെയ്തത്. സൊമാറ്റോ വഴി ഓർഡർ കൊടുത്ത് വരുത്തിയ അത്താഴ ശേഷം ഞങ്ങൾ സുഖമായുറങ്ങി.






Mtdc lunch 


Offbeat Maharashtra ആറാം ദിവസം

 ആറ്

അന്ന് അജന്തയിൽ അവധിയായിരുന്നതിനാൽ ഞങ്ങൾ എല്ലോറയിലേക്ക് പുറപ്പെട്ടു. ഗുഹകളെല്ലാം സന്ദർശിച്ച് ധാരാളം ഫോട്ടോകളും എടുത്തു. മലകളിലെ പാറകൾ തുരന്നുണ്ടാക്കിയ ഗുഹകളും ക്ഷേത്രങ്ങളും ആണ് എല്ലോറയിലെ വിശേഷം. ബുദ്ധിസ്റ്റ് ജൈന ഹിന്ദു ക്ഷേത്രങ്ങൾ മുന്ന് ഭാഗത്തായി ഉണ്ടായിരുന്നു. എല്ലോറയിൽ നടക്കാൻ മടിയുള്ളവർക്ക് ഇലക്ട്രിക്ക് ബഗ്ഗികൾ ഉണ്ടായിരുന്നു. എല്ലാ ഗുഹകളും സന്ദർശിച്ച് കഴിഞ്ഞപ്പോൾ ഞങ്ങളും ബഗ്ഗിയിൽ കവാടത്തിലേക്ക് മടങ്ങി. പാർക്കിങ്ങിന് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോം സ്റ്റേയിലേക്ക് പോയി. വഴിയിൽ കാളയെക്കൊണ്ട് പ്രവർത്തിപ്പിക്കുന്ന ചക്കിലാട്ടിയ रसवंती (കരിമ്പ് ജ്യൂസ് ) ആസ്വദിച്ചു. ഞങ്ങളുടെ അന്നത്തെ താമസ സ്ഥലം ചുറ്റും പൂന്തോട്ടത്തോടുകൂടി മനോഹരമായ ഒരു കൊച്ചു വീടായിരുന്നു. നല്ല സൗകര്യമുള്ള മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. ധാരാളം സമയം ഉണ്ടായിരുന്നതുകൊണ്ട് രാജ് മോനെ ഉറങ്ങാൻ വിട്ട് ഞങ്ങൾ കാർ കഴുകാൻ പോയി. വണ്ടി കഴുകിവന്ന് കേർടേക്കറുടെ വക അത്താഴവും കഴിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു.












Offbeat Maharashtra അഞ്ചാം ദിവസം

അഞ്ച്

മാങ്കി തുങ്കി എന്ന് അറിയപ്പെടുന്ന രണ്ട് പർവ്വത ശിഖരങ്ങളിൽ ഉള്ള ജൈൻ ക്ഷേത്രങ്ങൾ ആയിരുന്നു ഈ ദിവസത്തെ യാത്രാ ലക്ഷ്യം. പ്രഭാത ഭക്ഷണം വടാപാവും ബ്രഡ് പക്കോടയും മാത്രം കിട്ടുന്ന ഒരു ചെറിയ കടയിൽ ആയിരുന്നു.

ഉച്ചക്ക് മുൻപ് ഞങ്ങൾ മാങ്കി തുങ്കി പാർക്കിങ്ങിലെത്തി. അവിടെ നിന്ന് ജീപ്പിൽ മലയുടെ പകുതി വരെ പോയി. പാറക്കല്ലിൻ്റെ മലയിൽ കൊത്തിയെടുത്ത വലിയ ജൈന പ്രതിമയുടെ അടുത്തേക്ക് അവിടെ നിന്ന് ലിഫ്റ്റ് ഉണ്ടായിരുന്നു. പലരും ജീപ്പുപയോഗിക്കാതെ നടന്ന് താഴെ നിന്ന് കയറി വരുന്നുണ്ടായിരുന്നു. ജൈന പ്രതിമയിൽ നിന്ന് മാങ്കി ശൃംഗത്തിലേക്ക് ചവിട്ടുപടികൾ കുറേയേറെ കയറണമായിരുന്നു. പകുതി വഴിയിൽ അവശനായ ഞാൻ വിശ്രമിക്കാനിരുന്നു. പ്രദീപും രാജുമോനും മുകളിലേക്ക് കയറി. മാങ്കിയിൽ നിന്ന് തുങ്കിയിലേക്ക് വീണ്ടും കയറണമായിരുന്നു. പകുതി വഴി പോയി അവർ തിരിച്ചു വന്നു. താഴെയെത്തി ജൈന ഭോജനാലയത്തിൽ നിന്ന് ജീവിതത്തിൽ ആദ്യമായി ജൈന ഭക്ഷണം കഴിച്ചു. വീട്ടിൽ അമ്മ നമ്മളെ ഊട്ടുന്ന പോലെ എല്ലാ ഭക്ഷണവും അവർ വീണ്ടും വീണ്ടും വിളമ്പുന്നുണ്ടായിരുന്നു. നല്ല ക്ഷീണവും വിശപ്പും ഭക്ഷണത്തിൻ്റെ സ്വാദ് ഇരട്ടിയാക്കി. അവിടെ നിന്ന് അജന്തയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. നല്ല ഒരു ഹോം സ്റ്റേയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ നാല് പട്ടികൾ, ഒരു കുതിര, പശുക്കിടാവ്, ട്രാക്ടർ ടില്ലർ എല്ലാമുണ്ടായിരുന്നു. അടുത്തുള്ള ഡാബയിൽ രാത്രി ഭക്ഷണം കഴിച്ചു. മസാലയുടെ ആധിക്യം പിറ്റേദിവസം പ്രഭാതത്തിലാണ് അനുഭവിക്കാൻ ഇടവന്നത്.



Jain food 




 



Offbeat Maharashtra നാലാം ദിവസം


നാലാം ദിവസം

പ്രാതകാലേ പഞ്ചഘനിയിലെ ചില വ്യൂ പോയിന്റുകളിൽ പോയി കാഴ്ചകൾ കണ്ട് ആസ്വദിച്ച് അവിടെ നിന്നും ഞങ്ങൾ പുറപ്പെട്ടു. വഴി വളരെ മോശമായിരുന്നില്ല എങ്കിലും വളരെ നല്ലത് എന്നും പറയാൻ പറ്റില്ല. പൂനയുടെ outer റോഡുകളിലൂടെ പോകുമ്പോൾ പൂനക്കാരിയായ സുഹൃത്തിനെ വിളിച്ചു. നിങ്ങടെ നാട്ടിലൂടെ പോകുന്നുണ്ടെങ്കിലും സന്ദർശിക്കാൻ സമയം ഞങ്ങളെ അനുവദിക്കുന്നിലെന്ന എക്സ്ക്യൂസ് പറഞ്ഞ് ഹൈവേയിലൂടെ നിരങ്ങി നീങ്ങി. Celebration എന്ന് പേരുള്ള ഒരു നല്ല ഹോട്ടലിലാണ് ഉച്ചഭക്ഷണം കഴിച്ചത്. വഴിയോരത്ത് മുന്തിരിത്തോപ്പുകളും മറ്റും കണ്ടു കൊണ്ട് ഞങ്ങൾ വൈകീട്ട് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്ത് എത്തി. ആ സ്ഥലം വളരെ പരിതാപകരമായ സ്ഥിതിയിലായിരുന്നതുകൊണ്ട് അവിടെ ഞങ്ങൾ ചെക്ക് ഇൻ ചെയ്യാതെ പുറത്തുപോയി ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു.








Offbeat maharashtra മൂന്നാം ദിവസം

 മൂന്നാം ദിവസം 

കാഴ്ചകൾ കുറവും യാത്ര കൂടുതലുമായിരുന്നു. രാവിലെ നേരത്തെ പുറപ്പെട്ടു. വഴിയിൽ ബ്രേക്ക് ഫാസ്റ്റ് ആയി കിട്ടിയത് ഉപ്പുമാവ് മാത്രമാണ്. നല്ലതും മോശവുമായ റോഡുകളിൽ മാറിമാറി ഓടിച്ച് ഞങ്ങൾ ഉച്ചഭക്ഷണത്തിന് കോലാപ്പൂരിലെത്തി. ഒരു പ്രശസ്തമായ parakh ഹോട്ടലിൽ ബക്രിയും ബാക്രിയും കൂട്ടി മറാത്ത ഊണ് കഴിച്ചു. ( बकरी -ആട് , बाकरी - ജോവർ റൊട്ടി. ) ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ പഞ്ചഘനിയിൽ എത്തി. രാത്രി പുറത്തൊന്ന് കറങ്ങി. നല്ല തണുപ്പായതു കൊണ്ട് രാജുമോന് ഒരു പ്രതിരോധക്കുപ്പായം വാങ്ങേണ്ടി വന്നു. അത്താഴം ഹോം സ്റ്റേയിലെ കെയർടേക്കറുടെ ചപ്പാത്തിയും കറിയുമായിരുന്നു. അങ്ങനെ മൂന്നാം ദിവസ യാത്ര അവസാനിച്ചു.


Bakri & Bhakri for lunch

Reached Panchghani

On the way

Stopped for breakfast



On the way


Offbeat Maharashtra. രണ്ടാം ദിവസം

 രണ്ടാം ദിവസം

കാലത്ത് 8 മണിക്ക് ഉടുപ്പി ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് പുറപ്പെടാൻ പ്ലാൻ ചെയ്തിരുന്നു. അപ്പോൾ എൻറെ മകൾ അവളെ കോളേജ് വരെ അനുഗമിക്കാനായി ഞങ്ങളെ ക്ഷണിച്ചു. എല്ലാവരും കോളേജിനു മുമ്പിൽ ചെന്ന് ഒരു സെൽഫിയെടുത്ത് അവളെ കോളേജിലേക്ക് പറഞ്ഞയച്ചു. ഉഡുപ്പി കഫേയിൽ വന്ന് ദോശയും ഇഡ്ഡലിയും വടയും ഒക്കെ അകത്താക്കി ഞങ്ങൾ മംഗലാപുരത്തു നിന്ന് പുറപ്പെട്ടു. വഴിയിൽ ഹ്യുണ്ടായി ഷോറൂമിൽ അൽക്കസാറിൻ്റെ റിമോട്ടിൻ്റെ ബാറ്ററി മാറ്റി, പെട്രോളടിച്ചു, ടയറിലെ കാറ്റ് ചെക്ക് ചെയ്തു. മംഗലാപുരം കാർവാർ ഹൈവേയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്ര ചെയ്തു. വഴിയിൽ മറവന്തെ ബീച്ച് എന്ന ഇൻസ്റ്റയിൽ എല്ലാം ഫേമസ് ആയ സ്ഥലത്ത് നിർത്തി കുറച്ചുനേരം അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചു. ഓരോ കരിമ്പ് ജ്യൂസ് കുടിച്ച് അവിടെ നിന്ന് പുറപ്പെട്ടു. ഉച്ചയൂണിന് അങ്കോള എന്ന സ്ഥലത്തെ കാമത്ത് ഹോട്ടലിലെത്തി. അവിടെ നിന്ന് കാർവാറിലെത്തി വാർഷിപ്പ് മ്യൂസിയം സന്ദർശിച്ചു. അവിടെ പുതുതായി ഒരു വിമാനവും സ്ഥാപിച്ചിട്ടുണ്ട്. അത് കാണികൾക്ക് തുറന്ന് കൊടുത്തിരുന്നില്ല. കാർവാറിൽ നിന്ന് 40 കിലോമീറ്റർ മാത്രമുള്ള കൈഗയിലേക്ക് നാലുമണിയോടുകൂടി എത്തി. കൈഗ ആണവ നിലയത്തിൻ്റെ ഒരു വിദൂര ദൃശ്യം കാണാൻ അൽക്കസാറിന് പകരം ഹോണ്ട ജാസിൽ പോയി വന്ന ശേഷം ഗസ്റ്റ് ഹൗസിൽ ചെക്കിൻ ചെയ്തു. രാത്രി എൻ്റെ ഭാര്യയുടെ വക അത്താഴത്തോടെ രണ്ടാം ദിവസത്തെ യാത്ര അവസാനിച്ചു



Maravanthe beach

In warship museum



Kali river

Kaiga guest house gaarden view from room